Saturday 24 September 2011

നെല്ലിക്ക

"എന്താണമ്മേ  നെല്ലിക്ക" ?  ഇംഗ്ലിഷ്  മീഡിയത്തില്‍  പഠിക്കുന്ന  മകള്‍ ചോദിച്ചു . " അതോ  ബേബി   നെല്ലിന്റെ  കായ്‌  ആയിരിക്കും ".  പഠിച്ച  മലയാളം  മറക്കാന്‍  ശ്രമിക്കുന്ന  മമ്മി  പ്രതിവചിച്ചു .  "നോ മമ്മീ ,  അതേയ് ,  ഡാബറിന്റെ   പരസ്യത്തിലും  മറ്റും കാണുന്ന  ഉരുണ്ട  സാധനമല്ലേ "  .   മകന്‍ തിരുത്തി .  അപ്പോള്‍  വായിച്ചുകൊണ്ടിരിക്കുന്ന  രാമായണത്തിന്റെ  താളുകള്‍ക്കിടയില്‍  പണ്ടെങ്ങോ വെച്ചുമറന്ന  നെല്ലിക്ക കഷായത്തിന്റെ  കുറിപ്പടി  തപ്പിയെടുക്കുക യായിരുന്നു  മുത്തശ്ശി. 

Labels:

Friday 23 September 2011

വിശപ്പ്

നാലുവശവും   വെള്ളത്താല്‍  ചുറ്റപ്പെട്ട  കരക്ക്‌  ദ്വീപ്‌  എന്നുപറയും .  മൂന്നുവശവും  ചുറ്റാപ്പെട്ട  കരയാണെങ്കില്‍  അതിനെ  ഉപദ്വീപ്  എന്ന് വിളിക്കാം  ടീച്ചര്‍  ക്ലാസ് തുടരുകയാണ് . നാലുവശവും  ഫ്ലാറ്റ്കളാല്‍   ചുറ്റ പ്പെട്ടു മഴക്കാലത്ത്  ഒരു ചെറിയ  തുരുത്ത് മാത്രമായി പോകുന്ന  തന്റെ കൊച്ചു  കൂരയെ  എന്തുവിളിക്കുമെന്നു   ചോദിക്കണം  എന്നുണ്ടായിരുന്നു  കുട്ടിക്ക് .  അപ്പോഴാണ്‌  കഞ്ഞിപ്പുരയില്‍നിന്നു  വെന്ത ചോറിന്റെ  സുഖകരമായ  ഗന്ധം  ഉയര്‍ന്നത് .  പച്ചവെള്ളം  മോന്തിക്കുടിച്ചു  രാവിലെ മുതല്‍  അടക്കിനിര്‍ത്തിയ  വിശപ്പു  വീണ്ടും  ഉണര്‍ന്നപ്പോള്‍ ,  എപ്പോഴാണ്  ലോങ്ങ്‌ ബെല്‍  അടിക്കുന്നത് , എന്നാ ചിന്ത മാത്രമായിരുന്നു  അവന്റെ മനസ്സില്‍ .        

Labels: