Friday 4 July 2014

മാങ്ങ്യേം ചക്കക്കുരൂം അഥവാ ചക്കക്കുരൂം മാങ്ങ്യേം

        മൂത്ത കാരണവര്‍ കട്ടിലൊഴിയും വരെ മാങ്ങ്യേം ചക്കക്കുരൂം     തന്നെയായിരുന്നു   തറവാട്ടില്‍  നിത്യവും  ഉച്ചയൂണിന് കൂട്ടാന്‍. ഇളമുറക്കാരന്‍  വന്നപ്പോഴും  സ്ഥിതി  മാറിയില്ല .   മാറ്റം  ഉണ്ടാവും  എന്ന്  പാണന്മാര്‍  പാടിക്കൊണ്ടിരുന്നു.
         ഉച്ചയൂണിന്  അന്ന്  അപ്രതീക്ഷിതമായി  പുതിയ കാരണവരെത്തി.  കൂട്ടാന്‍  ഒഴിച്ചതും  കാരണവര്‍  ക്രുദ്ധനായി  ചാടി എണീറ്റു.   "ഏതു**# അവള്‍  ആണ് പിന്ന്യേം  ഈ കൂട്ടാന്‍  വെച്ചത്.  .ഇത്  അവള്‍ടെ  തലേല്‍  ഒഴിച്ചിട്ടു തന്നെ  കാര്യം" .
സംഗതി  വഷളാവും മുന്‍പേ  അനന്തരവന്മാരില്‍ ആരോ  ഉണര്‍ത്തിച്ചു .
 " അമ്മായി തന്നെയാ  വെച്ചത്."
 കാരണവരുടെ   കോപം പെട്ടന്ന്   തണുത്തു . ഒരു നേര്‍ത്ത പുഞ്ചിരിയോടെ  സ്വസ്ഥാനത്തിരുന്നു "  ങ്ങ്ഹാ . ഓളേം  പറ ഞ്ഞിട്ട്  കാര്യമില്ല.  നല്ല കഷ്ണങ്ങളോന്നും  ഇല്ലാതെ   ഓളെന്താക്കും "  എത്ര എണ്ണത്തിനു  വെച്ച് വെളമ്പണം "

മൂപ്പര്‍ ശാന്തനായി ഇരുന്നു   ഊണ് കഴിച്ചു . രണ്ടാം ചോറും  വാങ്ങി.

          ഊണ്  കഴിഞ്ഞു എഴുന്നേറ്റതും  ഘോരമായ  ശബ്ധത്തോടെ ഉള്ളില്‍അടക്കി നിര്‍ത്തിയിരുന്ന  വായു  അന്നനാളത്തിന്റെ രണ്ടറ്റങ്ങളിലൂടെയും  മുക്തി  നേടിയതും  ഒരുമിച്ചായിരുന്നു .
       ആചാരവെടി   കേട്ട്  ഞെട്ടിത്തരിച്ചു  നില്‍ക്കുന്ന അനന്തരവപ്പടയെ  നോക്കി  കാരണവര്‍  ഇങ്ങനെ മൊഴിഞ്ഞു  "   ചക്കക്കുരു  ഗ്യാസിനു  ഉത്തമം  എന്ന്  പറയുന്നത്  വെറുതെയല്ല .  ഇത്ര നല്ലൊരു വസ്തു  വെറുതെ  കളയണോ. ഇവറ്റ  എല്ലാത്തിനേം തീറ്റി പോറ്റ്വാ ന്ന്ച്വാല്‍ ചില്ലറ ചെലവാ? അതുകൊണ്ട്  തറവാട്ടില്‍  ഇനിയുള്ള കാല്വോം   മാങ്ങ്യേം ചക്കക്കുരൂം   തന്നെ    മതി ..   അല്ലെങ്കില്‍  വേണ്ട ചക്കക്കുരൂം മാങ്ങ്യേം  ആയിക്കോട്ടേ.  ഇവിടെ ചിലര്‍ക്ക്  ഗ്യാസിന്റെ സൂക്കട്  കൊറച്ചധികൂം ആണ്".  പിന്നെ ആരും  ഒന്നും  മിണ്ടിയില്ല.

ചക്കക്കുരു  മാഹാത്മ്യം  താളിയോലകളില്‍  എന്ന ഗവേഷണത്തിലാണ്   ഇപ്പോള്‍ പാണന്മാര്‍


                           

Wednesday 2 July 2014

കാണരുത് കേള്‍ക്കരുത് പറയരുത്

 തീവണ്ടി മുറി  ശൂന്യമായിരുന്നു .  മനസ്സ്‌  അസ്വസ്ഥമായിരുന്നു . ദുരന്തങ്ങളും    രോദനങ്ങളും  യുദ്ധത്തിന്‍റെ വിലാപങ്ങളുംഎല്ലാം  എല്ലാം .   ആരോടെങ്കിലും പങ്കുവെക്കാന്‍ മനസ്സ് കൊതിച്ചു.
 അപ്പോള്‍  ഒന്നാമത്തെ സഹയാത്രിക  കടന്നുവന്നു .. വന്ന ഉടനെ  ബാഗുകള്‍ ഒതുക്കിവെച്ചു.  ശ്രദ്ധാപൂര്‍വം  ഹാന്‍ഡ്‌ ബാഗ് തുറന്നു   ഇയര്‍ഫോണ്‍ എടുത്തു ചെവിയില്‍ തിരുകി .     പിന്നെ ഏതോ  സംഗീതത്തില്‍ മുഴുകി  മെല്ലെ  കണ്ണുകള്‍ അടച്ചു.   ഇനി മറ്റൊന്നും   കേള്‍ക്കരുത്

  പിന്നെ   രണ്ടാമന്‍   കയറിവന്നു . സാവധാനം   ലാപ്ടോപ്പ് എടുത്തു  മടിയില്‍ വെച്ചു പിന്നെ മെല്ലെ മെല്ലെ മറ്റേതോ ലോകത്തിലേക്ക്‌  ഊളിയിട്ടിറങ്ങി .  ഇനി മറ്റൊന്നും  കാണരുത്  എന്നു  ഉറപ്പിച്ചപോലെ .

  പിന്നാലെ മൂന്നാമനും വന്നു .   കീശയിലെ  പൊതി യില്‍ നിന്ന്‍ എന്തോ എടുത്തു.   സാവധാനം  ഉള്ളം കയ്യിലിട്ട്  തിരുമ്മി .  മെല്ലെ  കവിള്‍ വിടര്‍ത്തി  അവിടെ  നിക്ഷേപിച്ചു.   ചുണ്ടുകള്‍ മുറുക്കി അടച്ചു  .  ഇനി ഒന്നും മിണ്ടില്ല . തീര്‍ച്ച .

 വണ്ടി മെല്ലെ  നീങ്ങിത്തുടങ്ങി .    ഇപ്പോള്‍     പ്രശ്നങ്ങള്‍ എല്ലാം  അവസാനിച്ചിരിക്കുന്നു .  രോദനങ്ങളും  വിലാപങ്ങളും  ഒന്നുമില്ല  .    ലോകസമാധാനത്തിന്‍റെ  കുളിര്‍കാറ്റു  മെല്ലെ  തീവണ്ടിമുറിയിലേക്കും  വീശിയെത്തിയപ്പോള്‍  കണ്ണുകള്‍ താനേ  അടയുന്നത്  ഞാനറിഞ്ഞില്ല

Labels: